മലങ്കര ടൂറിസം പദ്ധതി: റോഷി അഗസ്റ്റിനെതിരായ അഴിമതി പരാതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്
മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ദക്ഷിണ മേഖല വിജിലൻസ് എസ്‌പിക്ക് കൈമാറിയത്.
എസ്‌പിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് വിജിലൻസിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് പരാതിയിൽ ഔദ്യോഗികമായി കേസെടുക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളോ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.
മലങ്കര ടൂറിസം പദ്ധതിയിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ 112 കോടി രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് മുട്ടം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ ബേബി ജോസ് വിജിലൻസിന് പരാതി നൽകിയിരുന്നു.
ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏകദേശം 300 ഏക്കർ ഭൂമി കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് വളരെ കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നൽകിയെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.
വിജിലൻസിന്റെ അന്തിമ പരിശോധനയും തുടർനടപടികളും പൂർത്തിയായ ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.





