സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വീണ്ടും കുതിച്ചുയരുന്നു
സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില വീണ്ടും കുതിച്ചുയരുന്നു. തലസ്ഥാന മേഖലയിൽ കിലോ കോഴിയിറച്ചിക്ക് 170 മുതൽ 180 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ മാസം ഇത് ഏകദേശം 145 രൂപയായിരുന്നു. വടക്കൻ ജില്ലകളിൽ വില കിലോയ്ക്ക് 220 രൂപവരെയെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്തവില ഏഴര രൂപയായതിനെ തുടർന്ന് കേരളത്തിലെ ചില്ലറ വിപണിയിലും ഒരു മുട്ടയ്ക്ക് ഏകദേശം ഒരു രൂപയുടെ വർധനവുണ്ടായി.
കോഴിത്തീറ്റയുടെ വില കുത്തനെ ഉയർന്നതും സംസ്ഥാനത്തെ നിരവധി തദ്ദേശീയ കോഴിഫാമുകൾ പ്രവർത്തനം നിർത്തിയതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പല്ലടം പ്രദേശത്തുനിന്നാണ് കേരളത്തിന് ആവശ്യമായ കോഴിയിറച്ചിയുടെ വലിയൊരു വിഹിതം എത്തുന്നത്.
ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 550 രൂപയുടെ വർധനവാണ് അടുത്തിടെ ഉണ്ടായത്. തമിഴ്നാട്ടിലെ വിപണിയെ ആശ്രയിക്കേണ്ട സാഹചര്യം ശക്തമായതും കേരളത്തിലെ പ്രാദേശിക ഉൽപ്പാദനം കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കം കൂട്ടിയതായി വ്യാപാരികൾ പറയുന്നു.
ജി.സി.സി. രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കോഴിമുട്ടയുടെ കയറ്റുമതി വർധിച്ചതും തമിഴ്നാട്ടിലെ സ്കൂളുകളിൽ ആഴ്ചയിൽ അഞ്ച് ദിവസവും മുട്ട വിതരണം ആരംഭിച്ചതും ആഭ്യന്തര ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ട്. ഇതും വിപണിയിലെ വിലവർധനയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.





