യുവപ്രതിഭകൾക്ക് എക്സലൻസ് അവാർഡ്; സമൂഹത്തിന് മാതൃകയാകണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.
വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കെ. ബിനിമോൻ എം.എൽ.എ സംഘടിപ്പിച്ച യുവപ്രതിഭാ ആദരവും എക്സലൻസ് അവാർഡ് വിതരണവും വൈജ്ഞാനിക സദസ്സും ശ്രദ്ധേയമായി.
ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫ്രാൻസിസ് ജോർജ് എം.പി., കുട്ടികൾ സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളായി വളരണമെന്നും സ്ഥിരോത്സാഹവും കഠിനാധ്വാനവും വിജയത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.
തുടർന്ന് പ്രശസ്ത കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ വൈജ്ഞാനിക ക്ലാസ് നയിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ക്ലാസ് അവരുടെ ഭാവി വിദ്യാഭ്യാസ-തൊഴിൽ ജീവിതത്തിന് പ്രചോദനവും മാർഗനിർദേശവുമായി.
കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, കെ.പി.സി.സി. അംഗം മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, കെ.കെ. മോഹനൻ, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 320 വിദ്യാർഥികൾക്ക് കെ. ബിനിമോൻ എം.എൽ.എയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.


