ഫിഫ ലോകകപ്പ്: വ്യാജ ടിവി ആപ്പുകൾ വഴി പണം തട്ടുന്നു; സൈബർ പോലീസിന്റെ മുന്നറിയിപ്പ്
2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായ സൈബർ തട്ടിപ്പുകൾ നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി.
Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ "FIFA World Cup Live Free", "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം OTT ഉള്ളടക്കം ഫ്രീ" തുടങ്ങിയ ആകർഷക വാഗ്ദാനങ്ങളുമായി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുകയാണ് തട്ടിപ്പുകാർ. HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്പുകൾ പോലെ തോന്നിക്കുന്ന വ്യാജ APK ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം "Update Required", "Activate Subscription", "Enable Service" തുടങ്ങിയ സന്ദേശങ്ങൾ കാണിച്ച് Accessibility Service, Screen Overlay, Notification Access തുടങ്ങിയ നിർണായക അനുമതികൾ നൽകാൻ ആവശ്യപ്പെടുന്നു. ഇതുവഴി ഫോണിന്റെ സുരക്ഷാ സംവിധാനങ്ങൾ ദുര്‍ബലമാകുകയും, ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ വിവിധ ആപ്പുകളിലേക്കും വിവരങ്ങളിലേക്കും തട്ടിപ്പുകാർക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു.
ഇതിന്റെ ഫലമായി മൊബൈൽ ഫോണിന്റെ നിയന്ത്രണം പൂർണമായും കൈവശപ്പെടുത്തുന്ന തട്ടിപ്പുകാർ, UPI ആപ്പുകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം തട്ടിയെടുക്കുന്നതായും അധികൃതർ വ്യക്തമാക്കി.
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🔹 ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്.
🔹 Google Play Store, Apple App Store തുടങ്ങിയ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
🔹 "Free Premium Subscription", "Unlimited Sports Access", "Watch All Matches Free" തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.
🔹 Accessibility Service, Install Unknown Apps, Screen Control തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്പുകൾ ഒഴിവാക്കുക.
🔹 ബാങ്കിംഗ്, UPI ആപ്പുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
🔹 സംശയാസ്പദമായ ലിങ്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഫോർവേഡ് ചെയ്യാതിരിക്കുക.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ, � വഴി പരാതി നൽകുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.


