മൂന്നാറിലെ 5 സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്ത്

മൂന്നാറിലെ 5 സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതിലോല മേഖല; കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പുറത്ത്

70.5 ചതുരശ്ര കിലോമീറ്റർ പ്രദേശം നിരീക്ഷണത്തിലാകും; കുറിഞ്ഞിമലയ്ക്ക് ബഫർ സോണില്ല

​ന്യൂഡൽഹി: മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനു കീഴിലുള്ള അഞ്ച് സംരക്ഷിത വനമേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനങ്ങൾക്ക് ചുറ്റുമുള്ള 70.5 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്) പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ ശുപാർശകളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

​ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന ഈ സംരക്ഷിത വനങ്ങളുടെ അതിരുകളിൽ നിന്ന് പരമാവധി ഒരു കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളാണ് പുതിയ സുരക്ഷാ പരിധിയിൽ വരുന്നത്. കെ.ഡി.എച്ച് വില്ലേജ്, മറയൂർ, കീഴാന്തൂർ, കാന്തല്ലൂർ എന്നീ വില്ലേജുകളിലെ ജനവാസ മേഖലകൾ ഉൾപ്പെടുന്ന ഭാഗങ്ങൾ ഇതിന്റെ പരിധിയിൽ വരും.

​ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം അനുസരിച്ച് വനമേഖല തിരിച്ചുള്ള വിസ്തൃതി താഴെ പറയുന്ന പ്രകാരമാണ്:

​ഇരവികുളം ദേശീയോദ്യാനം: 31.8 ചതുരശ്ര കിലോമീറ്റർ

​ആനമുടി ചോല ദേശീയോദ്യാനം: 18.95 ചതുരശ്ര കിലോമീറ്റർ

​ചിന്നാർ വന്യജീവി സങ്കേതം: 16.42 ചതുരശ്ര കിലോമീറ്റർ

​പാമ്പാടുംചോല ദേശീയോദ്യാനം: 3.33 ചതുരശ്ര കിലോമീറ്റർ

​അതേസമയം, കുറിഞ്ഞിമല വന്യജീവി സങ്കേതത്തിന് ചുറ്റും പ്രത്യേകമായി ബഫർ സോൺ ഒന്നും തന്നെ കരട് വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടില്ല.

​60 ദിവസത്തിനകം അഭിപ്രായം അറിയിക്കാം

കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്കും വിവിധ സംഘടനകൾക്കും തങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും 60 ദിവസത്തിനകം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്. esz-mef@nic.in എന്ന ഇമെയിൽ വിലാസത്തിലാണ് നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടത്.

​ഇതിനുശേഷം പുറത്തിറങ്ങുന്ന അന്തിമ വിജ്ഞാപന തീയതി മുതൽ രണ്ട് വർഷത്തിനകം, പ്രദേശവാസികളുമായി വിപുലമായ ചർച്ചകൾ നടത്തി ഒരു 'മേഖലാ മാസ്റ്റർ പ്ലാൻ' (Regional Master Plan) തയ്യാറാക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.