സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.
എറണാകുളം, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രിയോടെ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതവും ഭാഗികമായി ബാധിച്ചു.
ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് നടത്താനിരുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


