വനിതാ ശക്തീകരണത്തിന് ‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’ പദ്ധതി ഉദ്ഘാടനം ചെയ്തു

വനിതാ ശക്തീകരണത്തിന് ‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’ പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്.) നടപ്പിലാക്കുന്ന വനിതാ ശക്തീകരണ പദ്ധതിയായ **‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’**യുടെ രൂപതാതല ഉദ്ഘാടനം കരിമ്പൻ ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു.

ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കാൻ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കുടുംബങ്ങളുടെ സ്ഥിരവരുമാനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വനിതകൾക്ക് സ്വയംതൊഴിൽ അധിഷ്ഠിത കോഴിവളർത്തൽ യൂണിറ്റുകൾ സ്ഥാപിച്ച് നൽകും.

പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് അഞ്ചുദിവസത്തെ സമഗ്ര പരിശീലനവും ഒരുക്കിയിട്ടുണ്ട്. കോഴിവളർത്തലിന്റെ ശാസ്ത്രീയ രീതികൾ, തീറ്റക്രമീകരണം, രോഗപ്രതിരോധ മാർഗങ്ങൾ, വരുമാന നിയന്ത്രണം, ചെറുകിട സംരംഭ മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.വി. 380 ഇനത്തിൽപ്പെട്ട 60 കോഴികളെയും അവയെ വളർത്തുന്നതിനാവശ്യമായ ഹൈടെക് കൂടുകളും കമ്പിവലകൊണ്ട് സംരക്ഷിച്ച കോഴി ഷെഡും സൗജന്യമായി നിർമിച്ച് നൽകും.

എച്ച്.ഡി.എസ്. പ്രസിഡന്റ് മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, പ്രോഗ്രാം ഓഫീസർ സിബി തോമസ്, ക്രെഡിറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു