കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി നിർമിച്ച തട്ടുകടകൾ നീക്കം ചെയ്തു

കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി നിർമിച്ച തട്ടുകടകൾ നീക്കം ചെയ്തു

കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയിലെ കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത തട്ടുകടകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. തട്ടുകടകൾ സ്ഥാപിച്ചവർ സ്വമേധയാ അവ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും ദേശീയപാത അധികൃതരും നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

നോട്ടീസിൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നീക്കം ചെയ്യാതിരുന്ന പെട്ടിക്കടകളാണ് ഇന്നലെ പൊളിച്ചുമാറ്റിയത്. പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഒഴിപ്പിക്കൽ നടപടി.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ദേശീയപാത അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്.

ഹോളിഡേ ഹോം മുതൽ കൊളുത്തുപാലം വരെയുള്ള ഭാഗത്തെ ഫുട്പാത്തിൽ പ്രവർത്തിച്ചിരുന്ന ഇരുപതോളം പെട്ടിക്കടകളാണ് നീക്കം ചെയ്തത്. പൊളിച്ചുമാറ്റിയ കടകളുടെ അവശിഷ്ടങ്ങൾ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റി.

ഫുട്പാത്തുകൾ ശുചീകരിച്ച് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ സജ്ജമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അറിയിച്ചു.

ദേശീയപാതയോരത്തും ബസ് സ്റ്റാൻഡ് പരിസരത്തും ഓടകളിലേക്ക് മലിനജലം ഒഴുക്കുകയും പരിസര മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ പറഞ്ഞു.

കുമളി എസ്.എച്ച്.ഒ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട് നേരത്തെ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.