എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കം; വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും
കോട്ടയം: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് ആവേശകരമായ തുടക്കമാകും. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുസമ്മേളനവും ഇന്നാണ് നടക്കുക.
രാവിലെ 8.35-ന് പതാക ഉയർത്തലോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുന്നത്. തുടർന്ന് വൈകിട്ട് 3.30-ന് കളക്ടറേറ്റ് പരിസരത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് ജീവനക്കാരുടെ വൻ പ്രകടനം നടക്കും. തുടർന്ന് 4.30-ന് തിരുനക്കര മൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പതാക ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണം
തിരുനക്കര മൈതാനത്ത് ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. സത്യാഗ്രഹ സ്മാരക ഹാളിന് സമീപം വെച്ച് കെ.ജെ. തോമസ് ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജാഥാ ക്യാപ്റ്റൻ ടി.എം. ഹാജറയിൽ നിന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാർ പതാക ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ വി.എൻ. വാസൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി.


