വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവത്തിന് ഒരുങ്ങി സംസ്ഥാനം
രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്കൂളുകൾ പൂർണ സജ്ജമായിക്കഴിഞ്ഞു. വിവിധ സ്കൂളുകളിൽ വിപുലമായ പ്രവേശനോത്സവ പരിപാടികളോടെയാണ് അധ്യയന വർഷത്തിന് തുടക്കമാകുന്നത്.
തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികളെ മധുരപലഹാരങ്ങളും ബലൂണുകളും നൽകി സ്വീകരിക്കാൻ പി.ടി.എ, അധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കി. സ്കൂൾ ബസുകളുടെയും കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധനയും മോട്ടോർ വാഹന വകുപ്പ് നടത്തിയിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളും കിണറുകളും വൃത്തിയാക്കി.
ഒന്നാം ഘട്ട പാഠപുസ്തക വിതരണത്തിന്റെ ഭൂരിഭാഗവും ഇതിനകം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ ഡിജിറ്റൽ ലോകത്തിലെ ഭീഷണികളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി വിദ്യാർത്ഥികൾ നാളെ സൈബർ സുരക്ഷാ പ്രതിജ്ഞയും എടുക്കും.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ യാത്രാ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ശുദ്ധമായ കുടിവെള്ളവും ആരോഗ്യപ്രദമായ ഭക്ഷണവും കരുതാനും നിർദേശം നൽകിയിട്ടുണ്ട്. പുസ്തകങ്ങൾ, യൂണിഫോം, കുട, ബാഗ് തുടങ്ങിയ പഠനോപകരണങ്ങൾ കൃത്യമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.


