​'ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ?'; അർജന്റീന ജേഴ്സിയിൽ തിളങ്ങി 'മണിയാശാൻ', സോഷ്യൽ മീഡിയയിൽ തരംഗമായി പോസ്റ്റ്..

​'ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ?'; അർജന്റീന ജേഴ്സിയിൽ തിളങ്ങി 'മണിയാശാൻ', സോഷ്യൽ മീഡിയയിൽ തരംഗമായി പോസ്റ്റ്..

ഇടുക്കി: രാഷ്ട്രീയ ഗോദയിലെന്ന പോലെ ഫുട്ബോൾ മൈതാനത്തെ വീര്യത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മുൻ മന്ത്രിയും മുൻ എം.എൽ.എയുമായിരുന്ന സഖാവ് എം.എം. മണി. കേരളത്തിലെ അർജന്റീന ആരാധകരുടെ നെടുംതൂണായ 'മണിയാശാൻ' സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രവും കുറിച്ച ഡയലോഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.

​മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിലെ പ്രശസ്തമായ ഡയലോഗും രംഗങ്ങളും കോർത്തിണക്കിയാണ് മണിയാശാൻ തന്റെ ബദ്ധവൈരികളായ ബ്രസീൽ ആരാധകരെ ട്രോളിയിരിക്കുന്നത്.

​ബ്രസീൽ ആരാധകരെ ട്രോളി ആശാൻ

​"അപ്പോ ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ? ( ഡയലോഗ് കടപ്പാട് മഹേഷിനോട്ചി.ത്രം = മഹേഷിന്റെ പ്രതികാരം" എന്ന ക്യാപ്ഷനോടെയാണ് എം.എം. മണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലയണൽ മെസ്സിയുടെ പ്രശസ്തമായ പത്താം നമ്പർ അർജന്റീന ജേഴ്സിയിൽ 'മണിയാശാൻ' എന്ന് പേരെഴുതി ഓടിവരുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ചിത്രത്തിന് പിന്നിൽ വലിയൊരു '10' എന്ന നമ്പറും കാണാം.

​പോരാട്ടം രാഷ്ട്രീയത്തിൽ മാത്രമല്ല, ഫുട്ബോളിലും!

​കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയായ ഇടുക്കിയിൽ എം.എം. മണിയുടെ ഫുട്ബോൾ പ്രേമം പ്രശസ്തമാണ്. ലോകകപ്പ് കാലത്തായാലും കോപ്പ അമേരിക്കൻ ടൂർണമെന്റുകളുടെ സമയത്തായാലും അർജന്റീനയ്ക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങാനും ബ്രസീൽ ആരാധകരെ രസകരമായ ട്രോളുകളിലൂടെ നേരിടാനും ആശാൻ മടിക്കാറില്ല.

​മണിയാശാന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിലുള്ള വാശിയേറിയ 'സൈബർ പോരാട്ടവും' ആരംഭിച്ചു കഴിഞ്ഞു. അർജന്റീന ആരാധകർ ആശാന്റെ പോസ്റ്റ് ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കുമ്പോൾ, മറുപടിയുമായി ബ്രസീൽ ആരാധകരും കമന്റ് ബോക്സിൽ സജീവമാണ്. എന്തായാലും രാഷ്ട്രീയത്തിനപ്പുറം മണിയാശാന്റെ ഈ ഫുട്ബോൾ കമ്പം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.