തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസിനാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലാടൻ ബസിൽ നിന്ന് ഇറങ്ങിയ ശേഷം ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ റോസിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയതായും റിപ്പോർട്ടുണ്ട്.
യാത്രക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ റോസിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.
സംഭവത്തെ തുടർന്ന് കോട്ടയം ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




