ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നില ഗുരുതരം
ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ നടന്ന അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.
വാഗമണ്ണിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ആറുപേരെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.




