“കട്ടപ്പന ഡിപ്പോയിൽ മാത്രം 35 ൽ 22 ഓർഡിനറി ബസുകൾ; സർക്കാർ പ്രഖ്യാപനം സുഗമമാകുമോ..?
ഈ നീക്കം KSRTC ക്ക് വമ്പൻ പണിയാകുമോ..?
കട്ടപ്പന: സ്ത്രീ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാരിന്റെ പുതിയ പ്രഖ്യാപനം സംസ്ഥാനമൊട്ടാകെ ചർച്ചയാകുകയാണ്. എന്നാൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഈ ആനുകൂല്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതോടെ, മലയോര മേഖലയിലെ സ്ത്രീ യാത്രക്കാർക്ക് ഇത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.
ഇടുക്കി ജില്ലയിലെ പ്രധാന കെഎസ്ആർടിസി കേന്ദ്രങ്ങളിലൊന്നായ കട്ടപ്പന ഡിപ്പോയിൽ നിലവിൽ 35 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏകദേശം 22 വാഹനങ്ങളും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. ശ്രദ്ധേയമായ കാര്യം, ഈ ഓർഡിനറി ബസുകളിൽ പലതും പ്രാദേശിക സർവീസുകൾ മാത്രമല്ല, എറണാകുളം ഉൾപ്പെടെയുള്ള ദീർഘദൂര റൂട്ടുകളിലും സർവീസ് നടത്തുന്നവയാണെന്നതാണ്.
അതുകൊണ്ടുതന്നെ, പുതിയ പദ്ധതി നിലവിൽ വന്നാൽ കട്ടപ്പനയിലെയും സമീപ മലയോര പ്രദേശങ്ങളിലെയും സ്ത്രീ യാത്രക്കാർക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളുടെയും അവസ്ഥ ഏകദേശം സമാനമാണെന്നാണ് ലഭിക്കുന്ന വിവരം.
തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകൾ ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുമോ എന്ന ആശങ്കയും യാത്രക്കാരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. കാരണം, കട്ടപ്പന ഉൾപ്പെടെയുള്ള പല ഡിപ്പോകളിലും സർവീസ് നടത്തുന്ന വാഹനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്.
അതേസമയം, സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങളോ സർക്കുലറുകളോ ഇതുവരെ കെഎസ്ആർടിസി ഡിപ്പോകളിൽ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.
പുതിയ പ്രഖ്യാപനം മലയോര മേഖലയിലെ സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമോ, അതോ പുതിയ ആശങ്കകൾക്ക് വഴിവെക്കുമോ എന്നത് വരും ദിവസങ്ങളിലെ സർക്കാർ നടപടികൾ വ്യക്തമാക്കും
(ചിത്രം കടപ്പാട് ഗൂഗിൾ.. ചിത്രത്തിന് യഥാർത്ഥ ഡിപ്പോയുമായി ബന്ധമില്ല


