ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ചേതന്‍കുമാര്‍ മീണ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ അഞ്ചു കേന്ദ്രങ്ങളിലായി എണ്ണും.

രാവിലെ ഏഴരയോടെ സ്ഥാനാര്‍ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. തുടര്‍ന്ന് ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. രാവിലെ പത്തോടെയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

പാലാ, കടുത്തുരുത്തി മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കാര്‍മല്‍ പബ്ലിക് സ്‌കൂൾ, പാലായിലും; ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലെത് എസ്‌.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, ചങ്ങനാശേരിയിലും നടക്കും. ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, കോട്ടയത്തും; പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത് സെന്റ് ജോർജ് കോളജ്, അരുവിത്തുറയിലും; വൈക്കം മണ്ഡലത്തിലെ വോട്ടെണ്ണല്‍ ബസേലിയോസ് കോളജ്, കോട്ടയത്തുമാണ് ക്രമീകരിച്ചിരിക്കുന്നത്.

126 മേശകള്‍; കർശന ക്രമീകരണങ്ങള്‍

വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി ആകെ 126 കൗണ്ടിംഗ് മേശകള്‍ സജ്ജമാക്കിയിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 54 മേശകളും ഒരുക്കിയിട്ടുണ്ട്. ഓരോ മേശയിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും.

ഇ.ടി.പി.ബി.എസ് സംവിധാനം വഴി ലഭിച്ച സര്‍വീസ് വോട്ടുകളും പ്രത്യേകം മേശകളില്‍ എണ്ണും. സി.സി.ടി.വി നിരീക്ഷണത്തിലാണ് എല്ലാ മേശകളും. ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.

732 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണലിന്

വോട്ടെണ്ണല്‍ പ്രക്രിയയ്ക്കായി ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥരെ മൂന്നു ഘട്ടങ്ങളിലായി റാന്‍ഡമൈസേഷന്‍ നടത്തി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കര്‍ശന നിയന്ത്രണങ്ങള്‍

റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ ക്യു.ആര്‍ കോഡ് പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ഥികള്‍ക്ക് ഓരോ മേശയിലും ഒരാള്‍ വീതം ഏജന്റുമാരെ നിയോഗിക്കാം.

വോട്ടെണ്ണല്‍ സംബന്ധമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനായി മീഡിയ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന മീഡിയ സെന്റര്‍ കോട്ടയം ബസേലിയോസ് കോളജില്‍ പ്രവര്‍ത്തിക്കും.