സാമ്പത്തിക ബാധ്യത: ഭാര്യയും മകളും മരിച്ചതിന് പിന്നാലെ പിതാവും മരിച്ചു; മരണസംഖ്യ മൂന്നായി
കോട്ടയം ബ്യൂറോ
കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരേ കുടുംബത്തിലെ നാലുപേർ കീടനാശിനി കഴിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50) (ജോബി) ആണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. ഇതോടെ സംഭവത്തിലെ മരണസംഖ്യ മൂന്നായി.കഴിഞ്ഞ ദിവസം തോമസിന്റെ ഭാര്യ ജോസ്ന (42), മകൾ മരിയ തെരേസ തോമസ് (17) എന്നിവർ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. കുടുംബത്തിലെ ഇളയമകൻ അലൻ തോമസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ നാലംഗ കുടുംബത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
തോമസ് എബ്രാഹം കർഷകനായിരുന്നു. ഭാര്യ ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഇരുവരുടെയും മക്കൾ വിദ്യാർഥികളാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




