ഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാന വ്യാപക ധർണയുമായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാന വ്യാപക ധർണയുമായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഇന്ധനവിലയിലെ തുടർച്ചയായ വർധനവ് സ്വകാര്യ ബസ് മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ ജൂൺ 8ന് സംസ്ഥാന വ്യാപകമായി ധർണ സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

നിലവിലെ സാഹചര്യത്തിൽ സർവീസുകൾ തുടരുക അതീവ ദുഷ്കരമായിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ധനവില നിയന്ത്രിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകുകയും സ്വകാര്യ ബസ് മേഖലയ്ക്ക് ഇന്ധന സബ്സിഡി അനുവദിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വനിതകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും കെ.കെ. തോമസ് ചൂണ്ടിക്കാട്ടി. പദ്ധതിയെ എതിർക്കുന്നില്ലെങ്കിലും അതിന്റെ ആഘാതം സ്വകാര്യ ബസ് മേഖലയിലുണ്ടാകുന്ന സാഹചര്യത്തിൽ സംരക്ഷണ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി.യിലെ സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസുകളുടെ വരുമാനത്തെ എത്രത്തോളം ബാധിക്കുന്നുവെന്ന് വിലയിരുത്തിയ ശേഷമായിരിക്കും തുടർ പ്രതിഷേധ പരിപാടികൾ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർത്ഥി യാത്രാ കൺസഷൻ നിരക്ക് കാലോചിതമായി വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ അറിയിച്ചു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പിന് അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും സംഘടന ഭാരവാഹികൾ അഭിപ്രായപ്പെട്ടു