ഓപ്പറേഷൻ തൂഫാൻ: ഇടുക്കിയിൽ ലഹരിവേട്ട ശക്തം; നൂറിലേറെ പേർ അറസ്റ്റിൽ
ലഹരിമാഫിയയെ അമർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ വ്യാപക പരിശോധനകൾ തുടരുന്നു. ഇതുവരെ ജില്ലയിൽ നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും 1600-ലധികം പരിശോധനകൾ നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നൂറിലധികം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെയും അവരുടെ ബന്ധങ്ങളെയും കേന്ദ്രീകരിച്ച് നിരന്തര പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബസ് സ്റ്റാൻഡുകൾ, അന്തർസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും സജീവമായി നടക്കുന്നു. പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
സംസ്ഥാനതലത്തിൽ ഈ മാസം രണ്ടിന് ഉദ്ഘാടനം ചെയ്ത "തൂഫാൻ: ദ നാർക്കോ ഹണ്ട്" പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ പിടിയിലാകുന്നവരിൽ കൂടുതലും ചെറിയ കണ്ണികളാണെന്നും ലഹരി ശൃംഖലയുടെ പ്രധാന തലവന്മാർ നിയമത്തിന്റെ പിടിയിൽപ്പെടുന്നില്ലെന്നുമുള്ള വിമർശനം ലഹരിവിരുദ്ധ പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ട്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി, ലഹരിക്കടത്തിന്റെ പ്രധാന ഇടനാഴിയായി മാറുന്ന സാഹചര്യം ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളെ വലയിലാക്കാൻ ബൈക്കുകളും പണവും വാഗ്ദാനം ചെയ്ത് മാരക ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ അധ്യയന വർഷത്തിൽ ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് പുറമെ പി.ടി.എകൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരും ബോധവത്കരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.


