കാന്തല്ലൂരിന്റെ പ്രകൃതിഭംഗി ക്യാൻവാസിലൊഴുക്കി ‘മൺസൂൺ ആർട്ട് ക്യാമ്പ്’ സമാപിച്ചു
മറയൂർ: മൂടൽമഞ്ഞും തണുത്ത കാറ്റും മലനിരകളെ പുണരുന്ന കാന്തല്ലൂരിന്റെ ഹരിതഭൂമിയിൽ, കലയും പ്രകൃതിയും ആത്മാവറിഞ്ഞ് സമ്മേളിച്ച രണ്ടു ദിവസത്തെ ‘കാന്തല്ലൂർ ക്യാൻവാസ്’ മൺസൂൺ ആർട്ട് ക്യാമ്പ് സമാപിച്ചു. കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പ്, അക്ഷരങ്ങളുടെയും വരകളുടെയും സൗന്ദര്യം സമന്വയിപ്പിച്ച് പ്രമുഖ കവിയും അവാർഡ് ജേതാവുമായ അശോകൻ മറയൂർ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ തനത് സംസ്കാരവും മനുഷ്യന്റെ സർഗ്ഗാത്മകതയും ഒന്നാകുമ്പോഴാണ് കലയ്ക്ക് പൂർണ്ണതയേറുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ.എം., ക്യാമ്പ് ക്യൂറേറ്റർ ലേഖ മനോജ്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് എൻ.എസ്., ഫാ. സാബു മന്നാട തുടങ്ങിയവർ.
സംസാരിച്ചു കലാ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
വരകളുടെ വിരുന്ന്, നിറങ്ങളുടെ കാന്തല്ലൂർ
മഴനൂലുകൾ പെയ്തിറങ്ങിയ ക്യാൻവാസിൽ കാന്തല്ലൂരിന്റെ തനത് സംസ്കാരവും പ്രകൃതിഭംഗിയും ചിത്രകാരന്മാർ അനശ്വരമാക്കി. കുളിരുറങ്ങുന്ന ആപ്പിൾ തോട്ടങ്ങളും, പഴവർഗ്ഗങ്ങളാൽ സമൃദ്ധമായ താഴ്‌വരകളും, അവിടുത്തെ നാട്ടുജീവിതത്തിന്റെ സ്പന്ദനങ്ങളും വിവിധ മാധ്യമങ്ങളിലൂടെ ചിത്രങ്ങളായി പുനർജനിച്ചു.
ക്യാമ്പിന്റെ ഭാഗമായി നടന്ന തൽസമയ രചന കാണികളിൽ വിസ്മയമുണർത്തിയപ്പോൾ, ചിരിയും ചിന്തയും ഉണർത്തിയ കാരിക്കേച്ചർ ഷോയും ശ്രദ്ധേയമായി. കേവലം വരകളിൽ ഒതുങ്ങാതെ, സമകാലിക കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ഗൗരവമേറിയ ചിത്ര ചർച്ചകളും, സന്ധ്യകളെ ധന്യമാക്കിയ കലാസന്ധ്യയും ക്യാമ്പിനെ ഒരു സാംസ്കാരിക ഉത്സവമാക്കി മാറ്റി.
തുടർന്ന് നടന്ന പരിപാടികൾക്ക് ബിനോയ് മാവടി, രാജേഷ് അഗസ്റ്റിൻ, സുരേഷ് പി.ആർ., ജോഷി തുടങ്ങിയവർ നേതൃത്വം നൽകി. പ്രകൃതിയെ പ്രണയിക്കുന്ന ചിത്രകാരന്മാരുടെ മനസ്സും കാന്തല്ലൂരിന്റെ മണ്ണും തമ്മിലുള്ള അദൃശ്യമായൊരു ആത്മബന്ധം ബാക്കിവെച്ചാണ് മൺസൂൺ ആർട്ട് ക്യാമ്പിന് തിരശ്ശീല വീണത്.


