ഇന്ന് മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര
തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതകൾക്കൊപ്പം ആദ്യ യാത്ര നടത്തും.
കെഎസ്ആർടിസിയിൽ പി.എസ്.സി മുഖേന നിയമിതയായ ആദ്യ വനിതാ ഡ്രൈവർ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാവിലെ 9 മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ 'സീറോ ടിക്കറ്റ്' ലഭ്യമാകും.
സൗജന്യ യാത്രയ്ക്ക് അർഹമായ ബസുകൾ തിരിച്ചറിയുന്നതിനായി 'പ്രിയദർശിനി' സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. വരുമാനപരിധിയോ പ്രായപരിധിയോ ഉൾപ്പെടെയുള്ള പ്രത്യേക നിബന്ധനകളില്ലാതെയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
അതേസമയം, പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തീരുമാനിച്ചു. പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി എംഎൽഎമാർക്ക് നിർദേശം നൽകിയതായാണ് വിവരം.
സംസ്ഥാനത്ത് ഏറ്റവും കുറവ് ഓർഡിനറി സർവീസുകളുള്ള ജില്ല മലപ്പുറമാണെന്നാണ് കണക്കുകൾ. ഓർഡിനറിയും ടി.ടി. സർവീസുകളും ഉൾപ്പെടെ 87 ബസുകളിൽ മാത്രമാണ് നിലവിൽ സൗജന്യ യാത്രാ സൗകര്യമുള്ളത്. സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടുതലുള്ള മലപ്പുറത്ത് കൂടുതൽ ഓർഡിനറി സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്


