ദേശീയ സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ നാളെ മുതൽ

ദേശീയ സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ നാളെ മുതൽ

രാജ്യത്തെ സെൻസസ് 2027 നടപടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യൂമറേഷൻ (Self Enumeration) സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് se.census.gov.in⁠� വഴി വിവരങ്ങൾ സമർപ്പിക്കാം.

സെൻസസ് നടപടികൾ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും ഭവന സെൻസസും നടത്തും. കേരളത്തിൽ ഈ ഘട്ടം ജൂലായ് 1 മുതൽ 30 വരെയാണ്. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയോടെയാകും നടക്കുക.

ആദ്യഘട്ടത്തിൽ എന്യൂമറേറ്റർമാർ ഓരോ പ്രദേശത്തെയും കെട്ടിടങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ ഉൾപ്പെടുത്തി ലേഔട്ട് മാപ്പ് തയ്യാറാക്കും. ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുക. എന്നാൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നതിന് മുൻപായി തന്നെ കുടുംബനാഥനോ പ്രായപൂർത്തിയായ മറ്റേതെങ്കിലും അംഗത്തിനോ ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാനാകും.

ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കുന്ന വിധം

  • പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
  • സംസ്ഥാനം, ജില്ല, വീടിന്റെ സ്ഥാനം എന്നിവ രേഖപ്പെടുത്തുക.
  • ഡിജിറ്റൽ മാപ്പിൽ സ്വന്തം വീടിന്റെ സ്ഥാനം അടയാളപ്പെടുത്തുക.
  • ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
  • വിവരങ്ങൾ വിജയകരമായി സമർപ്പിച്ചാൽ 11 അക്കങ്ങളുള്ള SE ID എസ്.എം.എസ് വഴിയും ഇ-മെയിൽ വഴിയും ലഭിക്കും.
  • പിന്നീട് എന്യൂമറേറ്റർ സന്ദർശിക്കുമ്പോൾ ഈ നമ്പർ കൈമാറിയാൽ മതിയാകും.

കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, സെൻസസ് വീടിന്റെ ഉപയോഗം, കുടുംബ നമ്പർ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾ നൽകേണ്ടതില്ല. ഇവ ഉദ്യോഗസ്ഥർ നേരിട്ട് സന്ദർശിച്ചാണ് രേഖപ്പെടുത്തുക. ആവശ്യമെങ്കിൽ പിന്നീട് തിരുത്തലുകളും നടത്താനാകും.

34 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഭവന സെൻസസ്

  • ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. പ്രധാനമായും താഴെപ്പറയുന്ന വിവരങ്ങളാണ് ശേഖരിക്കുക:
  • വീടിന്റെ നിലം, ഭിത്തി, മേൽക്കൂര എന്നിവയുടെ നിർമാണസാമഗ്രികൾ
  • വീടിന്റെ അവസ്ഥ
  • കുടുംബാംഗങ്ങളുടെ എണ്ണം
  • കുടുംബനാഥന്റെ പേര്, ലിംഗം, സാമൂഹിക വിഭാഗം
  • വീടിന്റെ ഉടമസ്ഥാവകാശം
  • താമസമുറികളുടെ എണ്ണം
  • ദമ്പതിമാരുടെ എണ്ണം
  • കുടിവെള്ളത്തിന്റെ ഉറവിടവും ലഭ്യതയും
  • വൈദ്യുതി, കക്കൂസ്, കുളിമുറി, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ
  • എൽ.പി.ജി./പി.എൻ.ജി. കണക്ഷനും പാചക ഇന്ധനവും
  • റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, ലാപ്ടോപ്, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, സ്മാർട്ട്ഫോൺ എന്നിവയുടെ ലഭ്യത
  • സൈക്കിൾ, സ്കൂട്ടർ, മോട്ടോർസൈക്കിൾ, കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങളുടെ ലഭ്യത
  • കുടുംബം പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം
  • മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ

സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കുന്നതിനാണ് സെൽഫ് എന്യൂമറേഷൻ സംവിധാനം നടപ്പിലാക്കുന്നത്. വീടുകളിൽ ഉദ്യോഗസ്ഥർ എത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ നൽകാൻ കഴിയുന്നത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമാകും.