വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം; കട്ടപ്പനയിൽ അന്യസംസ്ഥാനക്കാരുടെ സ്ഥാപനം അടപ്പിച്ചു
കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപമുള്ള കുന്തളംപാറ റോഡിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനവും സുരക്ഷിതത്വമില്ലാത്തതുമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിപണനം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥാപനം അടപ്പിച്ചു.
കട്ടപ്പന പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് മേഖലകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് സ്ഥാപനം ശ്രദ്ധയിൽപ്പെട്ടത്.
പരിശോധനയ്ക്കിടെ സ്ഥാപനത്തിനുള്ളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷ്യസാധനങ്ങൾ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാമഗ്രികളും പിടിച്ചെടുക്കുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്തു.
ഞായറാഴ്ചകളിൽ കട്ടപ്പന നഗരത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവിടെ വ്യാപാരം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. പലതവണ ഉപയോഗിച്ച പാചകഎണ്ണയും പലഹാര നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള കൃത്രിമ നിറങ്ങളും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
സ്ഥാപനം നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
കട്ടപ്പന നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.


