ക്യാപ്സ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

കേരള ജേർണൽ റിപ്പോർട്ട്: ബിജു നൈനാൻ മരുതുക്കുന്നേൽ

ക്യാപ്സ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) സംസ്ഥാന പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ച് രണ്ട് സുപ്രധാന നിവേദനങ്ങൾ സമർപ്പിച്ചു. “അന്തസ്സോടെയുള്ള വാർധക്യത്തിനായുള്ള കേരളം” എന്ന ആശയവും “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവുമാണ് നിവേദനങ്ങളിലെ പ്രധാന വിഷയങ്ങൾ.

സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. എം. പി. ആന്റണി നയിച്ച സംഘത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാൻ പി. കുര്യൻ, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കോ-ഓർഡിനേറ്റർ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് ബേബി പ്രഭാകരൻ, സെക്രട്ടറി സിസിർ രാജ്, മീഡിയ ടീം അംഗം മാത്യു ഇടക്കുന്നിൽ എന്നിവരും പങ്കെടുത്തു.

കേരളത്തിൽ വർധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ പശ്ചാത്തലത്തിൽ, മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാൻ അവകാശാധിഷ്ഠിതവും സമൂഹകേന്ദ്രീകൃതവുമായ സംരക്ഷണ സംവിധാനം രൂപീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. വയോജനങ്ങളുടെ ഏകാന്തത, സാമൂഹിക ഒറ്റപ്പെടൽ, അവഗണന, പീഡനം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യപരിരക്ഷ, മാനസിക-സാമൂഹിക പിന്തുണ, സാമൂഹിക സുരക്ഷ, സമൂഹ അധിഷ്ഠിത സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം, സോഷ്യൽ വർക്ക് പ്രൊഫഷനെ നിയമപരമായി അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന “കേരള സോഷ്യൽ വർക്ക് ആക്ട്” നടപ്പിലാക്കണമെന്ന ആവശ്യവും ക്യാപ്സ് മുന്നോട്ടുവച്ചു. സാമൂഹ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ, പ്രൊഫഷണൽ മാനദണ്ഡങ്ങൾ, നൈതിക മേൽനോട്ടം, തുടർച്ചയായ പ്രൊഫഷണൽ വികസനം എന്നിവ ഉറപ്പാക്കാൻ ഈ നിയമം സഹായകരമാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗം, മാനസികാരോഗ്യം, ശിശുസംരക്ഷണം, ഭിന്നശേഷി സേവനങ്ങൾ, പാലിയേറ്റീവ് കെയർ, ദുരന്തനിവാരണം, പുനരധിവാസം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിയമം വഴിയൊരുക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

നിവേദനം സമർപ്പിച്ച ശേഷം പ്രതിനിധി സംഘം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി റോയി മാത്യു, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ള എന്നിവരെയും സന്ദർശിച്ച് വിഷയങ്ങൾ വിശദീകരിച്ചു.

വാർധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനങ്ങളെന്ന് ക്യാപ്സ് ഭാരവാഹികൾ അറിയിച്ചു.