സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുൻ കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നൽകും.
സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി വിലയിരുത്തുന്നതിനായി രൂപീകരിച്ച സമിതിയിൽ ഡി. വീരമണി, ഡി. നാരായണ എന്നിവർ അംഗങ്ങളായിരുന്നു. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ ആണ് സമിതിയുടെ കൺവീനർ.
അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ധനവകുപ്പിന്റെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വി. ഡി. സതീശൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ സംസ്ഥാന സർക്കാരിന്റെ വരുമാന-ചെലവ് കണക്കുകൾ, വരുമാനച്ചോർച്ച, നികുതി പിരിവിലെ വീഴ്ചകൾ, ധനകാര്യ മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിലയിരുത്തലുകൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. വിവിധ പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ഫണ്ടുകളുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
അതേസമയം, ധവളപത്രം സംബന്ധിച്ച സർക്കാരിന്റെ പ്രഖ്യാപനത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ധവളപത്രം പുറത്തുവന്നാൽ അതിന്റെ ഉള്ളടക്കം പരിശോധിക്കാമെന്നും, അതിന്റെ പേരുപറഞ്ഞ് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തടയാൻ ശ്രമിക്കരുതെന്നും അദ്ദേഹം നിയമസഭയിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ശക്തി പകരുന്നതായിരിക്കും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്ന ധവളപത്രമെന്നാണ് വിലയിരുത്തൽ.


