അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിതരുടെ രാപ്പകൽ സമരം 26-ാം ദിവസത്തിലേക്ക്; മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിപ്പ്
അടിമാലി: മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവരുടെ രാപ്പകൽ സമരം 26-ാം ദിവസം പിന്നിട്ടു. അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെയും റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായി എം.പി ഡീൻ കുര്യാക്കോസ് സമരപ്പന്തലിലെത്തി ദുരിതബാധിതരെ അറിയിച്ചിരുന്നു. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും സമരം പിൻവലിക്കണമെന്നും എം.പി അഭ്യർഥിച്ചെങ്കിലും, രേഖാമൂലമുള്ള ഉറപ്പോ മന്ത്രിസഭാ തീരുമാനമോ ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.
ഇതിനിടെ, ദേശീയപാത അതോറിറ്റി (NHAI) പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു. ഇൻഷുറൻസും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ച് ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.




