പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുറത്തായി; അവിശ്വാസം പാസായി, "അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ലന്ന് ദിയ
പാലാ: രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന വിശേഷണമുള്ള പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസ പ്രമേയം പാസായതോടെ സ്ഥാനത്ത് നിന്ന് പുറത്തായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോൺഗ്രസിലെ നാല് വിമത കൗൺസിലർമാരും സ്വതന്ത്ര അംഗവും പിന്തുണ നൽകിയതോടെയാണ് ദിയയ്ക്ക് അധ്യക്ഷസ്ഥാനം നഷ്ടമായത്.
ഭരണം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും നാല് കോൺഗ്രസ് അംഗങ്ങൾ പാർട്ടി നിർദേശം ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ ഭരണപക്ഷത്തിലെ ഭിന്നത പരസ്യമായി.
ആകെ 26 കൗൺസിലർമാരുള്ള നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ 17 പേർ പങ്കെടുത്തു. ഹാജരായ 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എൽഡിഎഫിന്റെ 12 കൗൺസിലർമാർ, കോൺഗ്രസിലെ നാല് വിമത അംഗങ്ങൾ, സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുൽ എന്നിവരാണ് പ്രമേയത്തെ പിന്തുണച്ചത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്. വോട്ടെടുപ്പിന് ശേഷം പ്രതികരിച്ച ടോണി തൈപ്പറമ്പിൽ, പാർട്ടി നേതൃത്വത്തോട് ബഹുമാനമുണ്ടെന്നും നിലവിലെ പ്രശ്നങ്ങൾ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പറഞ്ഞു. പാർട്ടി നൽകിയ വിപ്പ് താൻ കണ്ടിട്ടില്ലെന്നും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരസഭാധ്യക്ഷ ദിയ ബിനു ഉൾപ്പെട്ട സ്വതന്ത്ര കൂട്ടായ്മയുമായി കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷ മായാ രാഹുലും അകന്നതോടെയാണ് ഭരണപക്ഷത്തിൽ പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
സ്ഥാനമൊഴിഞ്ഞ ശേഷം പ്രതികരിച്ച ദിയ ബിനു, ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ കൈക്കൂലിയോ പിന്‍വാതില്‍ നിയമനമോ നിയമലംഘനമോ നടത്തിയിട്ടില്ലെന്ന മനസമാധാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞു.
"അധ്യക്ഷ എന്ന നിലയിൽ ആരംഭിച്ച പല പദ്ധതികളും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന നിരാശയുണ്ട്. എന്നാൽ അഞ്ചു വർഷത്തേക്ക് ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലറാണ് ഞാൻ. ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുണ്ട്. അതേ ആത്മാർഥതയോടെ പൊതുപ്രവർത്തനം തുടരും," ദിയ പറഞ്ഞു.
"ചെറുപ്രായത്തിൽ തന്നെ നഗരസഭാ കൗൺസിലറാകാൻ കഴിഞ്ഞത് ദൈവം നൽകിയ ഭാഗ്യമാണ്. ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം പരമാവധി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ കൈക്കൂലിയോ പിന്‍വാതില്‍ നിയമനമോ നിയമലംഘനമോ നടത്തിയിട്ടില്ല. ആ ഉറപ്പോടെയും മനസമാധാനത്തോടെയുമാണ് ഞാൻ സ്ഥാനമൊഴിയുന്നത്. ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെ അങ്ങനെ തന്നെയാണ് കാണുന്നത്," ദിയ ബിനു വ്യക്തമാക്കി.
അവിശ്വാസം പാസായതോടെ പാലാ നഗരസഭയിലെ പുതിയ ഭരണസമവാക്യങ്ങളാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (എം) എന്നീ കക്ഷികളുടെ തുടർനിലപാടുകളും പുതിയ ഭരണസഖ്യത്തിന്റെ രൂപീകരണവും നിർണായകമാകും.




