മഴയില്ല; ഇടുക്കിയിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ
ഇടുക്കി: ജൂലൈ മാസം പകുതിയായിട്ടും സാധാരണ ലഭിക്കേണ്ട മഴയുടെ കാൽശതമാനം പോലും ലഭിക്കാത്തത് ജില്ലയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. ജൂൺ ആദ്യവാരത്തിൽ ലഭിച്ച ഇടവിട്ട മഴ മാത്രമാണ് ഇത്തവണത്തെ കാലവർഷത്തിൽ ജില്ലയ്ക്ക് അൽപമെങ്കിലും ആശ്വാസമായത്. എന്നാൽ ജലസ്രോതസുകൾ സമ്പുഷ്ടമാക്കാൻ പോലും ആ മഴ പര്യാപ്തമായില്ല.
സാധാരണയായി ജൂലൈ മാസത്തിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദികളും തോടുകളും ഇത്തവണ നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്. ഇതോടെ കിണറുകളും കുഴൽക്കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിത്തുടങ്ങി. ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വേനലിന് ശേഷം ജൂണിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ മഴ ലഭിക്കാത്തത് കാർഷിക മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
മൺസൂൺ മഴ മുന്നിൽ കണ്ട് കൃഷിക്കായി വലിയ തോതിൽ നിക്ഷേപം നടത്തിയ നിരവധി കർഷകർ ഇപ്പോൾ ആശങ്കയിലാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കാതെ പോയാൽ വലിയ സാമ്പത്തിക നഷ്ടവും കടക്കെണിയും നേരിടേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.
ഏലകൃഷി മേഖലയിലാണ് മഴക്കുറവിന്റെ ആഘാതം ഏറ്റവും രൂക്ഷം. മൺസൂൺ, തുലാമഴ എന്നിവയെ ആശ്രയിച്ചാണ് ഏലകൃഷി മുന്നോട്ടുപോകുന്നത്. തോട്ടങ്ങളിലെ റീ-പ്ലാന്റിങ് ഉൾപ്പെടെയുള്ള പ്രധാന കാർഷിക പ്രവർത്തനങ്ങൾ ഈ കാലയളവിലാണ് നടക്കുന്നത്. പുതിയതായി കൃഷി ആരംഭിച്ചവർ നിലമൊരുക്കി തൈകൾ നട്ട് മഴയ്ക്കായി കാത്തിരിക്കുകയാണ്. എന്നാൽ മഴ വൈകുന്നതോടെ തൈകൾ ഉണങ്ങിപ്പോകുമെന്ന ആശങ്ക ശക്തമാണ്.
വേനൽക്കാലത്ത് വറ്റിയ പടുതാക്കുളങ്ങളും കിണറുകളും മൺസൂൺ മഴയിലൂടെയാണ് സാധാരണ ജലസമൃദ്ധമാകുന്നത്. എന്നാൽ ഇത്തവണ അതിനുള്ള സാധ്യതയും ഇതുവരെ തെളിഞ്ഞിട്ടില്ല. കാലവർഷം ഉടൻ ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ.




