വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്ര: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ ഏറ്റവും വലിയ മുഖമുദ്രയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഗ്യക്കുറി ഒരു ബാധ്യതയല്ലെന്നും സംസ്ഥാനത്തിന് മികച്ച വരുമാനമാർഗവും ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗവുമാണെന്നും സ്പീക്കർ പറഞ്ഞു. പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമാണ് ഈ മേഖലയിൽ പ്രധാനമായും സേവനം ചെയ്യുന്നതെന്നും ലോട്ടറി നിരോധിച്ച കാലത്ത് നിരവധി സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭാഗ്യക്കുറി വിൽപനക്കാരിയായ ളാക്കാട്ടൂർ സ്വദേശിനി ലൈലാകുമാരിക്ക് ആദ്യ ടിക്കറ്റുകൾ കൈമാറിയാണ് സ്പീക്കർ വിതരണോദ്ഘാടനം നിർവഹിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടർ ചേതൻകുമാർ മീണ, നഗരസഭാംഗങ്ങളായ ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി. മെഹബൂബ്, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർമാരായ എസ്. ഷാജി, എൻ.ആർ. ശ്രീലേഖ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ. സിന്ധുമോൾ, ലോട്ടറി വിൽപനക്കാരുടെ സംഘടനാ ഭാരവാഹികളായ ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, ടി.എസ്. നിസ്താർ, സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.




