ചികിത്സയിലായിരുന്ന 12കാരനും മരിച്ചു; കൂരോപ്പടയിലെ കുടുംബദുരന്തത്തിൽ മരണം നാലായി
കൂരോപ്പട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കൂരോപ്പട ഒന്നാം വാർഡിലെ ളാക്കാട്ടൂർ മറ്റപ്പള്ളിയിലെ കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അലൻ തോമസ് (12) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
അലന്റെ മാതാപിതാക്കളായ തോമസ്, ജോത്സന തോമസ്, സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞിരുന്നു. കീടനാശിനി അകത്ത് ചെന്ന നിലയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
മൃതദേഹങ്ങൾ ജൂലൈ 24 (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ചേപ്പുംപാറ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.
സംഭവത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഊർജിത അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക പ്രതിസന്ധിയുമാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു.




