സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലെ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്നാണ് മുന്നറിയിപ്പ്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
അതേസമയം, കടൽക്ഷോഭവും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരാനിടയുള്ളതിനാൽ ദുരന്തനിവാരണ വിഭാഗത്തിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.


