സ്ത്രീകൾക്ക് കെഎസ്‌ആർടിസി സൗജന്യ യാത്ര; ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം
സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രഖ്യാപിച്ച കെഎസ്‌ആർടിസി സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും വിലയിരുത്തുന്നതിനായി ഗതാഗത മന്ത്രി ഇന്ന് മുഖ്യമന്ത്രിയുമായി നിർണായക ചർച്ച നടത്തി.
നിലവിലെ ധാരണ പ്രകാരം, ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിച്ച് 100 ദിവസം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. ഈ കാലയളവിലെ വരുമാന നഷ്ടവും യാത്രക്കാരുടെ പ്രതികരണവും വിലയിരുത്തിയ ശേഷമാകും രണ്ടാംഘട്ടത്തിൽ കൂടുതൽ സർവീസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്.
ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ പ്രതിമാസം ഏകദേശം 57 കോടി രൂപ സർക്കാർ നൽകേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഓർഡിനറി സർവീസുകൾ കുറവുള്ള വടക്കൻ ജില്ലകളിലെ സ്ത്രീകൾക്ക് പദ്ധതിയുടെ പൂർണ ഗുണം ലഭിക്കില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ഫാസ്റ്റ് പാസഞ്ചർ ബസുകളിലേക്കും യാത്രാസൗജന്യം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
പദ്ധതിക്കായി ആവശ്യമായ തുക കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി) മുഖേന വായ്പയായി കണ്ടെത്തുന്നതിനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ട് ഉത്തരവിറക്കാനാണ് നീക്കം.


