ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, എം.എൽ.എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവർ പങ്കെടുത്തു.

വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തി മുന്നോട്ടുപോകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. ജില്ലയുടെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2021-ലാണ് പാക്കേജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ രൂപീകരിച്ചത്. ഓരോ വർഷവും 75 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തിയിരുന്ന പദ്ധതിക്ക് 2026-27 സാമ്പത്തിക വർഷത്തിൽ 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

2022 മുതൽ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശുപാർശ ചെയ്തത്. ഇതിൽ 31 പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുകയും 14.60 കോടി രൂപ ഇതിനകം ചെലവഴിക്കുകയും ചെയ്തതായി യോഗത്തിൽ അറിയിച്ചു. പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമത പുലർത്തണമെന്നും യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജിന്റെ ഏകോപനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

2022-23 വർഷത്തിൽ ഭരണാനുമതി ലഭിച്ച ആറു പദ്ധതികളിൽ രാജാക്കാട്, മൂന്നാർ, ബൈസൺവാലി, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ മാതൃകാ നീർത്തട വികസന പദ്ധതികൾ പൂർത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വണ്ടിപ്പെരിയാർ കനാൽ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ മൾട്ടിപ്പർപ്പസ് ജിം ആൻഡ് അമിനിറ്റി സെന്ററിന്റെ സംരക്ഷണഭിത്തി നിർമാണവും നടന്നു വരുന്നു. ഏലപ്പാറ ചെമ്മണ്ണ് ഗവൺമെന്റ് ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും ഇടുക്കി ഡാം റിസർവോയറിലെ ടൂറിസ്റ്റ് ബോട്ടിംഗ് പദ്ധതിയും വേഗത്തിലാക്കാൻ യോഗം നിർദേശം നൽകി.

ഇടുക്കി ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ടൂറിസം ബ്രാൻഡിംഗിനുമായി വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേർന്ന് മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിക്കാനും തീരുമാനിച്ചു.

2023-24 വർഷത്തിൽ ഭരണാനുമതി ലഭിച്ച ഒൻപത് പദ്ധതികളിൽ വന്യജീവി സംഘർഷ മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. പിന്നാക്ക, പ്ലാന്റേഷൻ മേഖലകളിൽ 10 മാതൃകാ അങ്കണവാടികൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇടമലക്കുടിയിൽ അഞ്ച് അങ്കണവാടികളുടെ നിർമ്മാണത്തിന് കരാറായി. സമഗ്ര ക്ഷീര വികസന പദ്ധതിയുടെ ഭാഗമായി 39 ക്ഷീര സഹകരണ സംഘങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി. നരകക്കുഴി പാലം നിർമാണം പൂർത്തിയായപ്പോൾ നൂലംപാറ പാലം നിർമാണം അവസാനഘട്ടത്തിലാണ്. പുല്ലാട്ടുപടി പാലം പുനർ ടെൻഡർ ഘട്ടത്തിലാണ്. ഉടുമ്പൻചോല ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് വികസനം, വന്യജീവി സംഘർഷ മേഖലകളിലെ സോളാർ ഫെൻസിംഗ്, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആധുനിക ലബോറട്ടറികളുടെ നിർമ്മാണം എന്നിവയും പുരോഗമിക്കുകയാണ്.

2024-25 വർഷത്തിൽ ഭരണാനുമതി ലഭിച്ച മൂന്ന് പദ്ധതികളായ നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്നിക് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സ്, വെസ്റ്റ് കോടിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം, വഞ്ചിവയൽ–വള്ളക്കടവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

2025-26 വർഷത്തിൽ 13 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം–പ്രകാശ് റോഡ്, പെരിയാറിന് കുറുകെയുള്ള ചെക്ക് ഡാം കം ബ്രിഡ്ജ്, തങ്കമണി–ഇരുക്കുട്ടി–പാണ്ടിപ്പാറ റോഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ചെറുതോണി ടൗൺ റോഡ് വികസനത്തിനായി പുതിയ പദ്ധതി നിർദേശം സമർപ്പിക്കും.

അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് മൂന്ന് മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടിമാലി സ്ത്രീ-ശിശു ആശുപത്രി, അണക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, കൊരങ്ങാട്ടി മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്കൂൾ, പെരിങ്ങാശേരി ജി.ടി.എച്ച്.എസ്.എസിലെ പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റൽ, അടിമാലി താലൂക്ക് ആശുപത്രിയിലെ ബഹുനില മന്ദിരം, ഇടുക്കി നഴ്‌സിംഗ് കോളേജിന്റെ പുതിയ ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ഏലം കൃഷിനാശത്തിന് ധനസഹായം നൽകുന്നതിനായുള്ള പ്രത്യേക പാക്കേജ് വേഗത്തിൽ നടപ്പാക്കാനും യോഗം നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സബ് കളക്ടർമാരായ വി.എം. ആര്യ, അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.