പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി; സിന്ധു ഗോപാലന് അഭിമാന നേട്ടം
ഒരു കാലത്ത് വിദ്യാർഥിനിയായി പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി ചുമതലയേൽക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ.
രാജാക്കാട് ഗവൺമെന്റ് സ്‌കൂളിലെ പൂർവ വിദ്യാർഥിനിയായ സിന്ധു ഗോപാലൻ, വർഷങ്ങളോളം ഇതേ സ്‌കൂളിൽ കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പ്രമോഷനോടെ ചിത്തിരപുരം ഗവൺമെന്റ് ഹൈസ്‌കൂളിൽ പ്രഥമാധ്യാപികയായി നിയമിതയായി. അവിടെ ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്ഥലംമാറി എത്തി ചുമതലയേറ്റത്.
താൻ പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സിന്ധു ഗോപാലൻ പറഞ്ഞു. വരും മൂന്ന് വർഷക്കാലം സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്കായി നിരവധി പദ്ധതികൾ മനസിലുണ്ടെന്നും അവർ വ്യക്തമാക്കി.
തന്റെ പഴയ ഗുരുനാഥമാരായ ചെല്ലമ്മ ശ്രീധരൻ, സി.വി. ചെല്ലമ്മ എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണ് സിന്ധു ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റത്.
അടിമാലി ടെക്‌നിക്കൽ സ്‌കൂളിൽ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച വി.എൻ. ശശിധരനാണ് ഭർത്താവ്. ഏകമകൾ ദേവി വണ്ടൻമേട് പോസ്റ്റ് ഓഫീസിൽ ജീവനക്കാരിയാണ്.


