പരിസ്ഥിതി ദിനാചരണം: കേരളാ കോൺഗ്രസ് (എം) സംസ്കാരവേദി 100 കേന്ദ്രങ്ങളിൽ തൈകൾ നട്ടു
കേരള ജേർണൽ സെൽഫി റിപ്പോർട്ട്: ബിജു നൈനാൻ മരുതുക്കുന്നേൽ
കോഴഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളാ കോൺഗ്രസ് (എം) സംസ്കാരവേദിയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി 100 കേന്ദ്രങ്ങളിൽ വൃക്ഷത്തൈ നടീൽ, ക്യാഷ് അവാർഡ് വിതരണം, കവിയരങ്ങ് എന്നിവ ഉൾപ്പെടുന്ന വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
കോഴഞ്ചേരി വൈ.എം.സി.എ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം അഭിവന്ദ്യ ഡോ. സാമൂവൽ മാർ ഐറേനിയോസ് തിരുമേനി നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള ഉത്തരവാദിത്തമാണെന്നും പരിസ്ഥിതി സൗഹൃദ ജീവിതശൈലി ഓരോരുത്തരും ശീലമാക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. ഹരിതകേരളം പദ്ധതികൾക്ക് കൂടുതൽ ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 100 കേന്ദ്രങ്ങളിൽ തൈ നടീൽ സംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. തുടർന്ന് പ്രകൃതി വിഷയമാക്കി പ്രമുഖ കവികൾ പങ്കെടുത്ത കവിയരങ്ങും അരങ്ങേറി.
സംസ്കാരവേദി സംസ്ഥാന സെക്രട്ടറി അഡ്വ. മനോജ് മാത്യു, കേരളാ കോൺഗ്രസ് (എം) ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ, കെ.എസ്.സി (എം) സംസ്ഥാന സെക്രട്ടറി റിന്റോ തോപ്പിൽ, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോൺ വി. തോമസ്, അടൂർ രാമകൃഷ്ണൻ, ബാബു കൊച്ചുമുറി, ധന്യ ശങ്കരി, ബിജു നൈനാൻ മരുതുക്കുന്നേൽ, അഭിജിത് വിഷ്ണു, എ.ജെ. സൈമൺ, വി.സി. തോമസ്, റെജി വാലേൽപ്പറമ്പിൽ, ശ്യാം അരവിന്ദം തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.


