തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു
പീരുമേട് മേഖലയിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തെരുവുനായകൾക്കായുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പീരുമേട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു തെരുവുനായ 19 പേരെ കടിച്ചതോടെയാണ് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിച്ചത്.
നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ തെരുവുനായകളെ കണ്ടെത്തി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുവരെ 80 തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ നാല് ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വളർത്തുനായകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അറിയിച്ചു.
പേവിഷബാധ പടരുന്നത് തടയുന്നതിനായി നടക്കുന്ന പ്രതിരോധ യജ്ഞവുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും വളർത്തുനായകളെ നിർബന്ധമായും കുത്തിവയ്പിന് എത്തിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു.


