ലഹരിക്കെതിരെ കൗമാരത്തിന്റെ ഗോൾ വർഷം

10 പ്രവൃത്തിദിനം കൊണ്ട് 10 ലക്ഷം ഗോൾ നേടി കേരളത്തിലെ സ്കൂളുകൾ

ലഹരിക്കെതിരെ കൗമാരത്തിന്റെ ഗോൾ വർഷം

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ‘വൺ മില്യൺ തുഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ ക്യാമ്പയിൻ ചരിത്ര നേട്ടത്തിലെത്തി. പത്ത് ലക്ഷം ഗോളുകൾ നേടുക എന്ന ലക്ഷ്യവുമായി ജൂൺ 11ന് ആരംഭിച്ച ക്യാമ്പയിൻ വെറും പത്ത് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം മറികടന്നു.

ജൂൺ 25 വൈകിട്ട് 5 മണിവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്ന് 10,67,038 ഗോളുകൾ രേഖപ്പെടുത്തി. “ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജയിക്കുക” എന്ന ലഹരിവിരുദ്ധ സന്ദേശവുമായി ജൂൺ 10നാണ് കായിക മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

ആഭ്യന്തര വകുപ്പിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘പ്രോജക്ട് തുഫാൻ’ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

ഗോൾ വേട്ടയിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. മലപ്പുറം ജില്ലയിൽ നിന്ന് 2,19,225 ഗോളുകളും, ആലപ്പുഴയിൽ നിന്ന് 1,58,761 ഗോളുകളും, തൃശൂരിൽ നിന്ന് 1,20,870 ഗോളുകളും രേഖപ്പെടുത്തി.

സ്കൂളുകളുടെയും ജില്ലകളുടെയും ഗോൾ സ്കോറുകൾ തത്സമയം അറിയാൻ കൈറ്റ് പ്രത്യേക പോർട്ടൽ ഒരുക്കിയിട്ടുണ്ട്. സ്കൂളുകളുടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ സ്കൂൾവിക്കി പോർട്ടലിലും രേഖപ്പെടുത്തുന്നുണ്ട്.

ലഹരിയെ മറികടന്ന് ശുദ്ധമായ ജീവിതത്തിലേക്ക് എന്ന സന്ദേശവുമായി ഓരോ സ്കൂളിലും താൽക്കാലിക ‘തുഫാൻ ഗോൾ പോസ്റ്റുകൾ’ സ്ഥാപിച്ചാണ് പെനാൽറ്റി കിക്കുകൾ സംഘടിപ്പിച്ചത്.

ലോക ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ സന്ദേശങ്ങളും നൽകി. കുട്ടികൾ ലഹരി വിരുദ്ധ തുഫാൻ വളണ്ടിയർമാരാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.

പത്ത് ലക്ഷം ഗോൾ എന്ന ലക്ഷ്യം നിശ്ചിത സമയത്തിന് മുമ്പ് കൈവരിച്ച വിദ്യാലയങ്ങളെ മന്ത്രി എൻ. ഷംസുദ്ദീൻ അഭിനന്ദിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സ്കൂളുകളിൽ തുടർച്ചയായി ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനൊപ്പം സ്കൂളുകളിൽ ‘ടീം തുഫാൻ’ പിയർ ഗ്രൂപ്പുകൾ, തെരുവ് നാടകങ്ങൾ, റീൽസ് മത്സരങ്ങൾ, ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ തുടങ്ങിയ ബോധവൽക്കരണ പരിപാടികളും തുടരും. ഗോൾ സ്കോറുകൾ തുടർന്നും രേഖപ്പെടുത്തും.