പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുകളിൽ ഒരാളായ അദ്ദേഹം “തിരക്കഥയുടെ രാജാവ്” എന്ന വിശേഷണത്തിലൂടെ അറിയപ്പെട്ടിരുന്നു. 

സംവിധായകൻ, നടൻ, എഴുത്തുകാരൻ എന്നീ നിലകളിൽ തിളങ്ങിയ ഭാഗ്യരാജ് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിശയോക്തി കലർന്ന സംഘട്ടനങ്ങളോ അമിത ഗാംഭീര്യമോ ഇല്ലാതെ സാധാരണ ജീവിതത്തിലെ സംഭവങ്ങളെ ആസ്പദമാക്കി കഥ പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

ഒരു കഥ എങ്ങനെ ആരംഭിക്കണം, എവിടെ ട്വിസ്റ്റ് ഒരുക്കണം, എങ്ങനെ ആകാംക്ഷ നിലനിർത്തി കഥ അവസാനിപ്പിക്കണം എന്നതിൽ ഭാഗ്യരാജ് പുലർത്തിയ മികവ് അദ്ദേഹത്തെ വേറിട്ടുനിർത്തി. ഇന്നും നിരവധി യുവ സംവിധായകർക്ക് തിരക്കഥാ രചനയുടെ പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ സിനിമകൾ.

തമിഴിന് പുറമെ ഹിന്ദിയിലും മറ്റ് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. 1984-ൽ മലയാളികൾക്കും പ്രിയങ്കരിയായ നടി പൂർണിമ ജയറാമിനെ വിവാഹം കഴിച്ചു. ശരണ്യ ഭാഗ്യരാജ്, ശാന്തനു ഭാഗ്യരാജ് എന്നിവരാണ് മക്കൾ. ശാന്തനു തമിഴ് സിനിമയിൽ സജീവമാണ്.