ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പരിശീലനം നടത്തിയത്.

കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വഞ്ചിക്കവലയ്ക്ക് സമീപം ചെട്ടിമാട്ടേൽ കവലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൗത്യവും പരിശീലനത്തിന്റെ ഭാഗമായി നടന്നു.

രക്ഷാപ്രവർത്തനത്തിനായി ജെസിബിയും ആംബുലൻസും സജ്ജമാക്കി. 13 ആർആർടി അംഗങ്ങളും ഏഴ് ഇആർടി അംഗങ്ങളും രക്ഷാദൗത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് മോക്ക് ഡ്രില്ലിൽ ദുരിതാശ്വാസ ക്യാമ്പായി തെരഞ്ഞെടുത്തത്.

ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ സുനിൽ കുമാർ, ജില്ലാ ഫയർ ഓഫീസർ ഷിനോജ്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, ദുരന്ത നിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട് ജെയിൻ, ഹസാർഡ് അനലിസ്റ്റ് രാജീവ് ടി.ആർ എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.