സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവും സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കലും പ്രതിഷേധാർഹം: എ.കെ.ജി.സി.ടി

സർക്കാർ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റവും സ്പെഷ്യൽ ഗ്രേഡ് പദവി ഒഴിവാക്കലും പ്രതിഷേധാർഹം: എ.കെ.ജി.സി.ടി

കേരളത്തിലെ സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സ്പെഷ്യൽ റൂൾസ് ഭേദഗതി പ്രതിഷേധാർഹമാണെന്ന് എ.കെ.ജി.സി.ടി അറിയിച്ചു.

സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലും വകുപ്പുതല സമിതിയുടെ ശുപാർശ പ്രകാരവും ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി (ഡി.പി.സി) മുഖേനയുമാണ് സ്പെഷ്യൽ ഗ്രേഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ നിയമിച്ചിരുന്നതെന്ന് സംഘടന വ്യക്തമാക്കി.

അക്കാദമിക മികവും പൈതൃക പ്രാധാന്യവും കൊണ്ട് ശ്രദ്ധേയമായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, പട്ടാമ്പി കോളേജ്, ഗവ. കോളേജ് ചിറ്റൂർ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവയാണ് സ്പെഷ്യൽ ഗ്രേഡ് കോളേജുകളായി നിലനിന്നിരുന്നത്. ഇവ അറിവിന്റെയും മികവിന്റെയും കേന്ദ്രങ്ങളാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽ പദവി ഒഴിവാക്കിയതിലൂടെ ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം പിന്നോട്ടുപോകാൻ ഇടയാക്കുമെന്നും എ.കെ.ജി.സി.ടി ആരോപിച്ചു. ഭരണപരവും അക്കാദമികവുമായ പരിചയം പരിഗണിച്ചാണ് ആറുമാസമെങ്കിലും പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചവരിൽ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നടത്തിയിരുന്നതെന്നും സംഘടന വ്യക്തമാക്കി.

പുതിയ ഭേദഗതിയുടെ ഭാഗമായി ഭരണ പരിചയം കുറഞ്ഞ പ്രിൻസിപ്പൽമാരെ പൈതൃക പ്രാധാന്യമുള്ള കോളേജുകളിലേക്ക് സ്ഥലംമാറ്റത്തിലൂടെ നിയമിച്ചതും നിലവിലെ പല പ്രിൻസിപ്പൽമാരെയും ശത്രുതാമനോഭാവത്തോടെ സ്ഥലംമാറ്റിയതും പ്രതിഷേധാർഹമാണെന്ന് എ.കെ.ജി.സി.ടി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ കോളേജുകൾ നേടിയ നേട്ടങ്ങളെ പിന്നോട്ടടിക്കുന്ന നടപടിയാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും എ.കെ.ജി.സി.ടി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ. മനോജും ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് റഫീഖ് ടി.യും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.