നിതിൻ ഗഡ്കരി - സിപി ജോണ്‍ കൂടിക്കാഴ്ച : കേരളത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുകൂല പ്രതികരണം
കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വിവിധ ഓൺലൈൻ പോർട്ടലുകളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി സി.പി. ജോൺ കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി.
കേരളം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചതായി സി.പി. ജോൺ അറിയിച്ചു. ദേശീയപാതകളിലെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറ ദൃശ്യങ്ങളും വെയ്റ്റ്-ഇൻ-മോഷൻ സംവിധാനത്തിലെ വിവരങ്ങളും കേരള മോട്ടോർ വാഹന വകുപ്പുമായി പങ്കിടുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
വെയ്റ്റ്-ഇൻ-മോഷൻ സംവിധാനത്തിന്റെ നവീകരണം ഒരു വർഷത്തിനകം പൂർത്തിയാകുന്നതോടെ വിവരങ്ങൾ സമയബന്ധിതമായി കൈമാറാൻ സാധിക്കും. സംസ്ഥാനത്തെ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും രജിസ്റ്റർ ചെയ്ത വാഹന പൊളിക്കൽ കേന്ദ്രങ്ങളും ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾക്കെതിരെ നടപടി ശക്തമാക്കും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര മന്ത്രാലയത്തെ അറിയിക്കാനും വ്യാജ സർട്ടിഫിക്കറ്റുകൾ സംസ്ഥാനതലത്തിൽ തന്നെ റദ്ദാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വാഹൻ, സാരഥി ഓൺലൈൻ സേവനങ്ങളിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കാൻ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ-ചലാൻ സംവിധാനം കേരള NIC സംവിധാനവുമായി ഏകോപിപ്പിച്ച് ഉടൻ നടപ്പാക്കാനും തീരുമാനമായി.
അതേസമയം, അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷനുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രൂപരേഖ അന്തിമമായിട്ടില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും സി.പി. ജോൺ വ്യക്തമാക്കി. വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ സർക്കാർ യുവാക്കളെ കബളിപ്പിച്ചെന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട ട്രോളുകൾ ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.



