പുതുയുഗ കേരളം ലക്ഷ്യമാക്കി ബജറ്റ്; ‘മിഷൻ സമുദ്ര’യും തെക്കൻ കേരള എക്കണോമി കോറിഡോറും പ്രഖ്യാപിച്ചു

പുതുയുഗ കേരളം ലക്ഷ്യമാക്കി ബജറ്റ്; ‘മിഷൻ സമുദ്ര’യും തെക്കൻ കേരള എക്കണോമി കോറിഡോറും പ്രഖ്യാപിച്ചു

സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ കരയിലും കടലിലും വലിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ‘പുതുയുഗ കേരളം’ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്.

തീരദേശ മേഖലയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വളർച്ചയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിന്റെ സമുദ്രസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയായി ഉയർത്തുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി കേരളത്തെ പ്രമുഖ തുറമുഖ നഗരമായി വികസിപ്പിക്കുമെന്നും തീരദേശ മേഖലയിലെ ജനങ്ങൾക്ക് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട റെയിൽപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും സർക്കാർ അറിയിച്ചു. കൂടാതെ പുതിയ കപ്പൽ നിർമ്മാണ കേന്ദ്രവും സമുദ്ര പാരമ്പര്യം അവതരിപ്പിക്കുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.

തെക്കൻ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം പകരാൻ ‘തെക്കൻ കേരള എക്കണോമി കോറിഡോർ’ പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചാണ് കോറിഡോർ രൂപീകരിക്കുക.

പദ്ധതിയുടെ സാധ്യതകളും നടപ്പാക്കൽ രൂപരേഖയും പഠിക്കാൻ വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ തുടരുകയാണ്.