മദ്യ നികുതി. ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ. രമേശ് ചെന്നിത്തലയ്ക്ക് പ്രശംസ.

മദ്യ നികുതി. ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ. രമേശ് ചെന്നിത്തലയ്ക്ക് പ്രശംസ.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവർജ്ജന നയത്തിന് വിരുദ്ധമായി മദ്യവ്യാപനം കൂട്ടാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡീ സതീശനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തണമായിരുന്നു എന്ന് സുധീരൻ പറഞ്ഞു.

​പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് പ്രഖ്യാപിത നയം. എന്നാൽ ലഹരിയുടെ വ്യാപനം മൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ ആരോപിച്ചു.

​മുന്നണിയിൽ വിശദമായ ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും, ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

​ബജറ്റ് പ്രൊപ്പോസൽ വെക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരമൊരുക്കുന്ന ഒരു തീരുമാനവും പാടില്ലാത്തതാണ്. ഈ വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ മറ്റെല്ലാവരും രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏറ്റവും നന്നാവുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്.

​ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് വരുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. അതുകൊണ്ട് ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ട് പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.