കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു

കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു

കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു. റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മജീഷ്യനും മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.

ആരോഗ്യ-ശുശ്രൂഷാ രംഗത്ത് മാനുഷികതയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും, മറ്റ് ആശുപത്രികളിൽ നിന്ന് കാരിത്താസിനെ വ്യത്യസ്തമാക്കുന്നത് ഈ സേവന മനോഭാവമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ആശുപത്രി മുന്നേറ്റ പാതയിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യാതിഥിയായി. റോബോട്ടിക് സർജറി സെന്റർ സ്ഥാപിച്ച് മെഡിക്കൽ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് കാരിത്താസ് ആശുപത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ ലോകത്തിലേക്ക് നോക്കുകയല്ല, ലോകം കാരിത്താസിലേക്കാണ് നോക്കുന്നത്” എന്നും ബിഷപ് വ്യക്തമാക്കി.

കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ, അസിസ്റ്റന്റ് ഡയറക്ടർ സൈജു പുതൻപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം എന്നിവർ പങ്കെടുത്തു.

നേരത്തെ ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായി ലഭിച്ചിരുന്ന റോബോട്ടിക് സർജറി സേവനം ഇനി മുതൽ ജനറൽ സർജറി, ഗാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിലും ലഭ്യമാകുമെന്ന് ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.

ശസ്ത്രക്രിയാരംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്ന അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനസജ്ജമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.