പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു; ഒൻപത് ഹോട്ടലുകൾക്കെതിരെ നടപടി
അയ്മനത്ത് ഷാപ്പിൽ നിന്ന് തലക്കറി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ഒൻപത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ നഗരസഭ പരിധിയിലും നാട്ടകം, കുമാരനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലായി ബാർ ഹോട്ടലുകൾ ഉൾപ്പെടെ 22 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങൾ പഴക്കമുള്ള ചോറ്, ന്യൂഡിൽസ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കൻ കറി, മീൻകറി, കുഴിമന്തി, അച്ചാർ തുടങ്ങിയ ഭക്ഷണവസ്തുക്കളാണ് പിടിച്ചെടുത്തത്. ഗന്ധത്തിലും നിറത്തിലും മാറ്റം വന്ന നിലയിലായിരുന്ന ഇവ വീണ്ടും ചൂടാക്കി നൽകുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്യുകയോ ചെയ്തിരുന്നതായി കണ്ടെത്തി.
ഏത് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തതെന്ന വിവരം അധികൃതർ പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.
പരിശോധന ശക്തമാക്കും
ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, രാത്രികാല തട്ടുകടകൾ എന്നിവിടങ്ങളിൽ എല്ലാ ആഴ്ചയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
ക്ലീൻ സിറ്റി മാനേജർ ടി.എ. തങ്കം, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, സുർജിത്, ലിനീഷ് രാജ്, വിഷ്ണു, പ്രമോദ്, രഘു, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



