ലഹരിയുടെ പ്രത്യാഘാതം ഭയാനകം; പുതുതലമുറ അകലം പാലിക്കണം: ജോസ് കെ. മാണി എം.പി.

ലഹരിയുടെ പ്രത്യാഘാതം ഭയാനകം; പുതുതലമുറ അകലം പാലിക്കണം: ജോസ് കെ. മാണി എം.പി.

ലഹരിയുടെ പ്രത്യാഘാതങ്ങൾ അതീവ ഭയാനകമാണെന്നും പുതുതലമുറ ലഹരിയിൽ നിന്ന് അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു. ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മുന്നോടിയായി പാലാ രൂപത കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് ലഹരിയെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. പറഞ്ഞു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും പൊലീസ് നടത്തിവരികയാണെന്നും ഇളംതലമുറ ലഹരിക്കെതിരെ ശക്തരായ സന്ദേശവാഹകരായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. സാബു മാത്യു ഐ.പി.എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയിൽ എന്നിവർ സംസാരിച്ചു.

മൂന്ന് മാസം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ഇന്ന് മുതൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശ പ്രചാരണം, കോർണർ യോഗങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രസംഗം, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി നടക്കും.

രാവിലെ 9ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചയ്ക്ക് 2.25ന് പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരി വിരുദ്ധ പരിപാടികൾ നടക്കും.