പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; സംസ്ഥാനത്ത് 19.80 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
സംസ്ഥാനത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി 28ന് നടക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. അഞ്ചുവയസിന് താഴെയുള്ള 19,80,224 കുട്ടികൾക്കാണ് ഇത്തവണ തുള്ളിമരുന്ന് നൽകുന്നത്.
ഇതിനായി സംസ്ഥാനത്താകെ 22,288 പോളിയോ ബൂത്തുകൾ സജ്ജീകരിക്കും. തുള്ളിമരുന്ന് വിതരണത്തിനായി 46,663 സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, നഗരാരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, വായനശാലകൾ, സ്കൂളുകൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ തുടങ്ങിയ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലങ്ങളിലാണ് ബൂത്തുകൾ ക്രമീകരിക്കുന്നത്.
സാധാരണ ബൂത്തുകൾക്ക് പുറമെ യാത്രക്കിടെ കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി 539 ട്രാൻസിറ്റ് ബൂത്തുകളും 283 മൊബൈൽ ബൂത്തുകളും ഒൻപത് ഉത്സവ-മേള ബൂത്തുകളും ഒരുക്കും. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലാണ് ട്രാൻസിറ്റ് ബൂത്തുകൾ പ്രവർത്തിക്കുക.
പൾസ് പോളിയോ ദിനത്തിൽ ബൂത്തുകളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് 29, 30 തീയതികളിൽ ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ എട്ടിന് തിരുവനന്തപുരം തൈക്കാട് മാതൃ-ശിശു ആശുപത്രിയിൽ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.



