വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; ജനക്ഷേമ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിര ഗ്യാരണ്ടി പദ്ധതികൾക്ക് മുൻഗണന നൽകുന്ന പ്രഖ്യാപനങ്ങളായിരിക്കും ബജറ്റിന്റെ മുഖ്യ ആകർഷണമെന്ന് സൂചന.
ക്ഷേമപെൻഷൻ വർധനവ്, സർക്കാർ ജീവനക്കാരുടെ ശമ്പള-ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ജനങ്ങൾ. ബജറ്റിൽ "വിസ്മയങ്ങൾ" ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുള്ള പുതിയ നിർദേശങ്ങളും ബജറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മദ്യവില വർധന, പെട്രോൾ സെസിനെക്കുറിച്ചുള്ള സർക്കാർ നിലപാട്, അതിവേഗ റെയിൽ കോറിഡോർ പഠനത്തിനുള്ള ധനവിനിയോഗം എന്നിവയും ബജറ്റിൽ ഇടംപിടിച്ചേക്കും.
ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുമെന്ന ഇന്ദിര ഗ്യാരണ്ടി വാഗ്ദാനവും ബജറ്റിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ക്ഷേമപെൻഷനിൽ കുറഞ്ഞത് 100 രൂപയുടെ വർധനവെങ്കിലും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്.
അതേസമയം, കിഫ്ബി പദ്ധതികളിൽ പുതിയ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നും നിലവിൽ നടപ്പിലാക്കുന്ന പദ്ധതികൾ തുടരാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നുമാണ് സൂചന. സർക്കാർ ജീവനക്കാർക്ക് ഒരു ഡി.എ ഗഡു മുൻകൂറായി അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.
ജനങ്ങൾ നൽകിയ പിന്തുണയെ വികസന-ക്ഷേമ പദ്ധതികളിലൂടെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നത് വ്യക്തമാക്കുന്ന നിർണായക ബജറ്റിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.



