മുൻഗണനാ റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 17
തിരുവനന്തപുരം: മുൻഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗമായ പിഎച്ച്എച്ച് (പിങ്ക്) കാർഡിലേക്ക് മാറ്റുന്നതിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജൂൺ 27 മുതൽ ജൂലൈ 17 വരെ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകണം.
ആവശ്യമായ രേഖകൾ:
▫️ റേഷൻ കാർഡ്
▫️ ബി.പി.എൽ സർട്ടിഫിക്കറ്റ്
▫️ വരുമാന സർട്ടിഫിക്കറ്റ്
▫️ മെഡിക്കൽ സർട്ടിഫിക്കറ്റ്
▫️ മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ
അപേക്ഷിക്കേണ്ടതില്ലാത്തവർ:
കാർഡിലെ ഏതെങ്കിലും അംഗം
▫️ സർക്കാർ/പൊതുമേഖല ജീവനക്കാരൻ
▫️ ആദായനികുതി ദായകൻ
▫️ സർവീസ് പെൻഷണർ
▫️ 1000 ചതുരശ്ര അടിയിലധികം വീടുള്ളവർ
▫️ നാലോ അതിലധികമോ ചക്ര വാഹന ഉടമകൾ (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴികെ)
▫️ ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ, ഐ.ടി, നഴ്സ്, സി.എ തുടങ്ങിയ പ്രൊഫഷണലുകൾ
കൂടാതെ കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി ഒരേക്കറിൽ കൂടുതൽ ഭൂമി (എസ്.ടി വിഭാഗം ഒഴികെ) അല്ലെങ്കിൽ പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനം (എൻ.ആർ.ഐ വരുമാനം ഉൾപ്പെടെ) ഉള്ളവരും മുൻഗണനാ വിഭാഗത്തിന് അർഹരല്ല.



