പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി: സംസ്ഥാനത്ത് മൂന്ന് ദിവസം ‘ഡ്രൈ ഡേ’
സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി മൂന്ന് ദിവസം ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
ജൂൺ 20, 21, 22 തീയതികളിൽ (വെള്ളി, ശനി, ഞായർ) സംസ്ഥാനവ്യാപകമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ യജ്ഞം നടക്കുക. കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കുകയും പരിസര ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഡ്രൈ ഡേയുടെ പ്രധാന ലക്ഷ്യം.
ഡെങ്കിപ്പനി വ്യാപനം കണക്കിലെടുത്ത് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. പാലക്കാട് കരിമ്പുഴ ആറ്റാശേരി സ്വദേശിയായ ജിജോ മോഹൻ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി മൂലമുള്ള മൂന്നാമത്തെ മരണമാണ് ഇത്.
ഇതിനിടെ, കോഴിക്കോട് ജില്ലയിലെ വളയത്ത് താമസിക്കുന്ന ഒരു അതിഥി തൊഴിലാളിക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു. വളയം ടൗൺ ഉൾപ്പെടുന്ന 14-ാം വാർഡിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ ആഴ്ച മാത്രം കോഴിക്കോട് ജില്ലയിൽ മൂന്ന് മലേറിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ 17 വരെ സംസ്ഥാനത്ത് 1,67,222 പേർ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഈ മാസം മാത്രം 924 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, കൊതുക് വളരാൻ സാധ്യതയുള്ള പാത്രങ്ങളും ടയറുകളും ആഴ്ചയിൽ ഒരിക്കൽ ശുചീകരിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങളോടും പ്രാദേശിക ഭരണകൂടങ്ങളോടും അഭ്യർഥിച്ചു.



