മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍; ബിശ്വനാഥ് സിന്‍ഹ ചീഫ് സെക്രട്ടറിയാകും

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍; ബിശ്വനാഥ് സിന്‍ഹ ചീഫ് സെക്രട്ടറിയാകും

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.

കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ അംഗം, തിരുവനന്തപുരം, എറണാകുളം വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്.

ലോകായുക്തയിൽ ഉൾപ്പെടെ സർക്കാർ പ്ലീഡർമാരുടെ നിയമനം

ലോകായുക്ത സ്പെഷ്യൽ ഗവ. പ്ലീഡറായി എൻ. അനിൽകുമാറിനെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതിയിൽ നാല് സ്പെഷ്യൽ ഗവ. പ്ലീഡർമാർ, 12 സീനിയർ ഗവ. പ്ലീഡർമാർ, 24 ഗവ. പ്ലീഡർമാർ എന്നിവരെയും നിയമിക്കും.

മരണപ്പെട്ട കുടുംബശ്രീ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് ധനസഹായം

ബംഗളൂരു ശിവാജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.

കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചു.

ഇടുക്കിയിലെ ഭൂമി പതിവ് ഓഫീസുകൾക്ക് തസ്തിക തുടർച്ച

ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ ആറ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശൂർ ജില്ലയിലെ തൃശൂർ (എൽ.എ) യൂണിറ്റ് നമ്പർ 1 സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെയും, പീരുമേട് ഭൂമി പതിവ് ഓഫീസിലെയും, നേമം റെയിൽ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെയും ആകെ 243 തസ്തികകൾ ഒരു വർഷത്തേക്ക് കൂടി തുടരാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.